സനാ: സൗദി എണ്ണകന്പനിയായ അരാംകോയുടെ റിഫൈനറിയിൽ മിസൈൽ-ഡ്രോൺ ആക്രമണം നടത്തിയതായി യെമനിലെ ഹൂതി വിമതർ അറിയിച്ചു.
റിയാദിലുള്ള റിഫൈനറി പരിസരത്ത് ശനിയാഴ്ച രാവിലെ തീയും വലിയതോതിൽ പുകയും ദൃശ്യമായിരുന്നു. അതേസമയം, സൗദി അധികൃതർ വിഷയത്തിൽ പ്രതികരിച്ചിട്ടില്ല.
ഇറാനെ പിന്തുണയ്ക്കുന്ന ഹൂതികൾക്കെതിരേ സൗദി വിപുലമായ ആക്രമണത്തിനു പദ്ധതിയൊരുക്കുന്നതായി റിപ്പോർട്ടുണ്ട്. സൗദി എണ്ണക്കയറ്റുമതിയെ ഹൂതികൾ നിരന്തരം ലക്ഷ്യമിടുന്ന പശ്ചാത്തലത്തിലാണു നീക്കം.
കഴിഞ്ഞയാഴ്ചയും ഹൂതികൾ അരാംകോ കേന്ദ്രത്തിനു നേർക്ക് വ്യോമാക്രമണം നടത്തിയിരുന്നു. ബാബ് അൽ മൻഡെപ് കടലിടുക്ക് ഹൂതികളുടെ നിയന്ത്രണത്തിലായതും സൗദി എണ്ണക്കയറ്റുമതി പ്രതിസന്ധിയിലാക്കി.